നാടന്‍ പാട്ട്

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ്‌ കുളം വേണം കുളത്തില്‍ ചെന്താമരവേണം
കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം 

പൂവായാല്‍ മണം വേണം പുമാനായാല്‍ ഗുണം വേണം 
പൂമാനിനിമാര്‍കളായാ,ലടക്കംവേണം
നാടായാല്‍ നൃപന്‍ വേണം അരികെ മന്ത്രിമാര്‍ വേണം 
നാടിനു ഗുണമുള്ള പ്രജകള്‍ വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ 
പടയ്ക്ക് ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ 
പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ 

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണേ നല്ലൂ
മങ്ങാതിരിപ്പാന്‍ നില വിളക്കു നല്ലൂ
പാല്ല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ 
പാരാതിരിക്കാന്‍ ചില പദവി നല്ലൂ